അമ്മയിലെ അംഗങ്ങൾ എനിക്കൊപ്പം നിന്നു, എല്ലാം പറയാൻ അവസരം തന്നു : അൻസിബ ഹസൻ

കൊച്ചി: അമ്മ ഭരണസമിതി ഒന്നാകെ രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി അൻസിബ ഹസൻ. തനിക്ക് ഇന്ന് കുറച്ചെങ്കിലും നീതി കിട്ടിയെന്ന് കരുതുന്നുവെന്നും എല്ലാ കാര്യങ്ങളും അമ്മയിലെ അംഗങ്ങൾക്ക് മുന്നിൽ തുറന്ന് പറയാൻ സാധിച്ചുവെന്നും അൻസിബ പറഞ്ഞു. ചരിത്രപരമായ തീരുമാനങ്ങളാണ് ഇന്നെടുത്തത്. താൻ നേരിട്ട എല്ലാ കാര്യങ്ങളും കൃത്യമായി ഉന്നയിക്കാൻ സാധിച്ചതിൽ ഏറെ സമാധാനമുണ്ടെന്നും അൻസിബ കൂട്ടിച്ചേർത്തു. 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും അമ്മയിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് അൻസിബ വിശദീകരിച്ചു. ഇന്നത്തെ യോഗത്തിൽ ഇത്രയും അംഗങ്ങൾ പങ്കെടുക്കുകയും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിൽ സന്തോഷമുണ്ട്. എല്ലാ അംഗങ്ങളുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ കൃത്യതയുള്ള ജനറൽ ബോഡിയാണ് ഇന്ന് നടന്നത്.

വരവ് ചെലവ് കണക്കുകൾ ജനറൽ ബോഡിയിൽ കാണിക്കാൻ ഭരണസമിതിയ്ക്ക് സാധിച്ചിട്ടില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. ഇതിന് വീണ്ടും വീണ്ടും സമയം ചോദിച്ചുകൊണ്ടുള്ള ബാലിശമായ ചോദ്യങ്ങൾ വിലപ്പോയില്ല. തനിക്ക് സംസാരിക്കാൻ പഴയ ഭരണസമിതി ഉച്ചവരെ സമയം അനുവദിച്ചില്ല. എന്നാൽ പക്ഷേ അംഗങ്ങൾ കൂടെ നിന്ന് സംസാരിക്കാൻ അവസരം ഉണ്ടാക്കിത്തന്നു. അതിന് എല്ലാവരോടും നന്ദി പറയുന്നതായും അൻസിബ പറഞ്ഞു. പുതിയ ഭരണസമിതിക്ക് മുന്നിൽ ഒരു സുപ്രധാന നിർദേശവും അൻസിബ മുന്നോട്ടുവച്ചിട്ടുണ്ട്. മുമ്പ് അമ്മയിൽ നിന്ന് പോയ അതിജീവിത ഉൾപ്പെടെയുളള ആളുകളെ തിരികെ വിളിക്കണം. ഔദ്യോഗികമായി അവരെ തിരികെ ക്ഷണിക്കണം. വരുന്നതും വരാതിരിക്കുന്നതും അവരുടെ ഇഷ്ടം. അമ്മയിൽ നിന്ന് പുറത്തുപോയവരെ തിരികെ എത്തിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പറഞ്ഞെങ്കിലും അവർക്ക് പാലിക്കാൻ സാധിച്ചിട്ടില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു.