തൃശൂരിൽ പെൺവാണിഭ കേന്ദ്രത്തിൽ യുവാവ് കൊല്ലപ്പെട്ടു; നാല് യുവതികൾ പിടിയിൽ

തൃശൂർ: തൃശൂർ കേന്ദ്രീകരിച്ച് നടക്കുന്ന പെൺവാണിഭ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷ സ്വദേശിയായ ധൻപത് നായിക്ക് ആണ് കൊല്ലപ്പെട്ടത്, സംഭവുമായി ബന്ധപ്പെട്ട് നാലുസ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത് ഒഡീഷക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. വീട് വാടകയ്ക്ക് എടുത്താണ് ഒഡീഷ സ്വദേശി പെൺവാണിഭ കേന്ദ്രം നടത്തിയത്. കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തൃശൂർ നഗരത്തിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശികളായ കാർത്തിക് നായിക്, മക്രഹാജി, തൃണാദ് മാദി, ധൻപതി നായിക്ക് എന്നിവർ പെൺവാണിഭ കേന്ദ്രത്തിലെത്തിയത്.

പിന്നീട് പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കത്തെ തുടർന്ന് പുറത്തേക്കിറങ്ങിയ ഇവരെ അകത്തേക്ക് വിളിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ധൻപതി നായിക്കിന് തലച്ചോറിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങി. ഒഡീഷ സ്വദേശിയായ ബിച്ചുനായിക്ക് ആണ് വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭ കേന്ദ്രം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇവിടേക്ക് ഇതരസംസ്ഥാന തൊഴിലാളികൾക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. തൃശൂർ നഗരത്തിലാണ് ഈ പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചിരുന്നത്, നാട്ടുകാരുടെ ശ്രദ്ധ പതിയാതിരിക്കാൻ പുറകുവശം വഴിയാണ് ആളുകളെ ഇതിനകത്ത് പ്രവേശിപ്പിച്ചിരുന്നത്,

അസം, ഒഡീഷ സ്വദേശികളായ യുവതികളാണ് പൊലീസിന്റെ പിടിയിലായത്. തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില കെട്ടിടത്തിലാണ് ഈ പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചിരുന്നത്.