കൊച്ചി: താരസംഘടനയായ ‘അമ്മ’യെ ഇനി എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റി നയിക്കും. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ. ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവച്ച സാഹചര്യത്തിലാണ് മാറ്റം. രാജി വച്ച ഭരണസമിതിക്ക് സംഘടനാപരമായ പാളിച്ചകൾ ഉണ്ടായെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി.

കണക്കുകൾ കൃത്യമായി ക്രമീകരിക്കാൻ കഴിഞ്ഞില്ല. തിരിമറി നടന്നിട്ടില്ല, പക്ഷേ കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. അംഗങ്ങൾ തമ്മിലുള്ള വാക്കു തർക്കങ്ങൾ, അത് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. പൊതുജനങ്ങൾക്കു മുന്നിൽ മോശമായ പ്രതിച്ഛായ സൃഷ്ടിച്ചു. അവിശ്വാസപ്രമേയം പാസാക്കുന്നതിന് മുൻപ് തന്നെ അംഗങ്ങളുടെ വികാരം മനസ്സിലായി. ഭരണസമിതി രാജിവച്ച് ഒഴിഞ്ഞു. സ്ത്രീകൾ എന്ന നിലയ്ക്കുള്ള പരാജയം ഉണ്ടായിട്ടില്ല. വ്യക്തിപരമായി എല്ലാവരും നന്നായി പ്രവർത്തിച്ചവരാണ് – ജഗദീഷ് പറഞ്ഞു.

























