തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് സി.ഐ.ടി.യു. നേതാവ് കെ.എന്‍. ഗോപിനാഥിനെതിരെ നോട്ടീസ് അയച്ചു. ആശ വര്‍ക്കര്‍മാരുടെ സംഘടനയുടെ ജനറല്‍ സെക്രട്ടറി എം.എ. ബിന്ദുവാണ് നോട്ടീസ് അയച്ചത്. ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി പരാമര്‍ശിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരമിരിക്കുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് മഴ പെയ്തപ്പോള്‍ സുരേഷ് ഗോപി കുട നല്‍കിയതിനെയാണ് ഗോപിനാഥ് പരിഹസിച്ചത്. സുരേഷ് ഗോപി എല്ലാവര്‍ക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം.


സി.ഐ.ടി.യു. നേതാവിന്റെ ഈ പരാമര്‍ശത്തില്‍ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യം. ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനുമുന്നില്‍ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് നീളുന്ന അവസരത്തിലാണ് സി.ഐ.ടി.യു. നേതാവിന് വക്കീല്‍ നോട്ടീസ്.























