തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കോട്ടയം ചിങ്ങവനത്ത് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു എന്തോ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എലി വിഷമാണ് പ്രതി കഴിച്ചതെന്ന് ആശുപത്രിയിലെ പരിശോധനയിൽ വ്യക്തമായി.

പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വിവരമുണ്ട്. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥയിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.


കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജോണ്‍സണ്‍ ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്. ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോൺസൻ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു.























