അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം കേരളത്തിൽ എത്തിച്ച ശേഷം റീ പോസ്റ്റ്‌മോർട്ടം ചെയ്യും. അതുല്യയുടെ ഭർത്താവ് സതീഷിന്റെ പാസ്‌പോർട്ട് ഷാർജ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ ഫോൺ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതുല്യയുടെ മരണത്തിൽ ഷാർജ പൊലീസിലും പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ. ഇന്ത്യൻ കോൺസുലേറ്റ് വഴി ഇന്ന് തന്നെ സഹോദരി അഖില പരാതി നൽകും. അതുല്യ ബന്ധുക്കൾക്ക് അയച്ച ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം നൽകും. സതീഷ് സ്ഥിരം മദ്യപിക്കുന്നയാളാണെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നുമാണ് പരാതിയിൽ ഉള്ളത്. ഭർത്താവ് സതീഷിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ സഹോദരിയോട് പറഞ്ഞിരുന്നു. സതീഷിനെതിരെ അതുല്യയുടെ മാതാവ് തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്താണ് അന്വേഷണം.