രണ്ട് സഹോദരന്മാര്‍ക്ക് ഒരു വധു; പാരമ്പര്യത്തില്‍ നടന്ന വിവാഹം വൈറലാകുന്നു

ഷിംല: രണ്ട് സഹോദരന്മാര്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചതിന്റെ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹിമാചല്‍ പ്രദേശിലെ ഷില്ലായ് ഗ്രാമത്തില്‍ ഹട്ടി ഗോത്രത്തിലെ രണ്ട് സഹോദരന്മാരാണ് ഒരു സ്ത്രീയെ തന്നെ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

ഒരു സ്ത്രീ സഹോദരന്മാരോ അല്ലത്തതോ ആയ രണ്ട് പുരുഷന്മാരെ വിവാഹം കഴിക്കുന്ന രീതിയായ പോളിയാന്‍ഡ്രി പാരമ്പര്യത്തില്‍ നടന്ന മൂന്ന് ദിവസത്തെ ചടങ്ങിന് നൂറ് കണക്കിന് ആളുകളാണ് സാക്ഷ്യം വഹിച്ചത്. സഹോദരന്മാരായ പ്രദീപ് നേഗിയും കപില്‍ നേഗിയും കുന്‍ഹട്ട് ഗ്രാമത്തിലെ സുനിത ചൗഹാനിന്റെയും വിവാഹം ജൂലൈ 12 മുതല്‍ 14 വരെയാണ് നടന്നത്. സിര്‍മൗര്‍ ജില്ലയിലെ ട്രാന്‍സ്-ഗിരി പ്രദേശത്ത് നടന്ന വിവാഹ ചടങ്ങില്‍ പ്രാദേശിക നാടോടി ഗാനങ്ങള്‍, പരമ്പരാഗത നൃത്തങ്ങള്‍, സാംസ്‌കാരിക ആചാരങ്ങള്‍ എന്നിവയാല്‍ നിറഞ്ഞിരുന്നു. ചടങ്ങിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഹിമാചല്‍ പ്രദേശിലൈ ‘ജോഡിധാര’ ഗോത്ര ആചാരത്തെക്കുറിച്ചുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി.

അതേസമയം, യാതൊരു സമ്മര്‍ദവുമില്ലാതെയാണ് തങ്ങള്‍ ഈ തീരുമാനം എടുത്തത് എന്നാണ് വധൂവരന്മാര്‍ പറയുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രദീപ്. സഹോദരന്‍ കപില്‍ വിദേശത്തും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ഈ തീരുമാനമെടുത്തതെന്ന് യുവതിയും പ്രതികരിച്ചു. സഹോദരന്മാര്‍ തമ്മിലുള്ള ബന്ധത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.