അതുല്യയുടെ മരണം: ഭർത്താവ് സതീഷ് അറസ്റ്റിൽ

തിരുവനന്തപുരം: ഷാർജയിൽ ഫ്‌ലാറ്റിൽ ഹാർഹിക പീഡനത്തെത്തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സതീഷിനെ പിടികൂടി വലിയതുറ പൊലീസിന് കൈമാറിയിരുന്നു. സതീഷിനെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സതീഷ് എത്തിയാൽ പിടികൂടി കൈമാറണമെന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പും നൽകിയിരുന്നു. അതുല്യയുടെ മരണത്തിൽ പൊലീസ് നേരത്തെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. രാവിലെ ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സതീഷിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയും, വലിയതുറ പൊലീസിന് കൈമാറുകയായിരുന്നു. വലിയതുറ പൊലീസ് വിവരം ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം നടത്തുന്ന പത്തനംതിട്ട ക്രൈംബ്രാഞ്ചിന് സതീഷിനെ കൈമാറുമെന്നാണ് വിവരം.

ഭർത്താവ് സതീഷ് മകളെ നിരന്തരം മർദ്ദിച്ചിരുന്നെന്നും , പീഡനം അസഹനീയമായപ്പോഴാണ് മകൽ ജീവനൊടുക്കിയതെന്നും ആരോപിച്ച് അതുല്യയുടെ പിതാവ് രംഗത്തെത്തിയിരുന്നു. ഈമാസം 19-ന് പുലർച്ചെയാണ് ഷാർജയിലെ ഫ്ളാറ്റിൽ അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയിൽ സതീഷിനെതിരെ പൊലീസ് കൊലപാതകം, സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകൾ ചുമത്തി സതീഷിനെതിരെ കേസെടുത്തിരുന്നു.