ലഡു കടം ചോദിച്ചു; വിസമ്മതിച്ച കടയുടമയെ ആക്രമിച്ച് യുവാക്കൾ

തൃശൂർ: ചേലക്കരയിൽ ലഡു കടം നൽകാത്തതിനു കട ഉടമയെ ആക്രമിച്ചു. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തോന്നൂർക്കര പടിഞ്ഞാട്ടുമുറി മനപടിക്കൽ വിനു (46), കളരിക്കൽ സന്തോഷ് (43) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണു കേസ് എടുത്തിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് ആണ് സംഭവം.

തോന്നൂർക്കര എംഎസ്എൻ ഓഡിറ്റോറിയത്തിനു സമീപത്തുള്ള വിഷ്ണുമായ സ്വീറ്റ്‌സ് എന്ന സ്ഥാപനത്തിൽ മദ്യലഹരിയിൽ എത്തിയ പ്രതികൾ ലഡു കടം ചോദിക്കുകയായിരുന്നു. വിസമ്മതിച്ച ഉടമ മണ്ണാർക്കാട് കുമരംപുത്തൂർ വലിയാട്ടിൽ മുരളിയെയാണ് (49) പ്രതികൾ ആക്രമിച്ചത്. പ്രതികൾ കടയ്ക്കു നാശനഷ്ടങ്ങൾ വരുത്തിയതായും പൊലീസ് പറഞ്ഞു.