അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട്: എട്ടുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. എട്ടുപേർക്കെതിരേയാണ് കേസ്. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട്ട് നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും യോഗി ആദിത്യനാഥ് സർക്കാർ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു. എന്നാൽ, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റ് സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്റ്റിനെ ഭരണപരമായ ചുമതലകളിൽനിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ചുമതല ജില്ലാ മജിസ്ട്രേറ്റിന് നൽകുകയായിരുന്നു.

ക്ഷേത്ര ഫണ്ടിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയർന്നത്. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. പ്രാഥമികാന്വേഷണത്തിന് ശേഷം ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറിയിരുന്നു.

ഗുരുതര കണ്ടെത്തലുകളാണ് എസ്ഐടി റിപ്പോർട്ടിൽ ഉള്ളതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭാവനയായി ലഭിച്ച പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിലും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംരക്ഷണത്തിലും പിഴവ് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.