ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണം വ്യക്തിപരമായ മാനസിക വിഭ്രാന്തി ; അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: തൃക്കണ്ണാപുരത്തെ ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിൽ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. വ്യക്തിപരമായ മാനസിക വിഭ്രാന്തിയാണ് ആനന്ദിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബി ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ബിജെപിയിലെ ആത്മഹത്യാ വിവാദങ്ങൾ സംഘടനാപരമായി അന്വേഷിക്കും. വിവാദങ്ങൾ സംഘടനാപരമായി നേരിടുമെന്നും ബി ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

സീറ്റ് കിട്ടാത്തതിൽ ആത്മഹത്യ ചെയ്യാനാണെങ്കിൽ താൻ 12 തവണ ആത്മഹത്യ ചെയ്യേണ്ടതാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ആത്മഹത്യയുടെ വാർത്ത വന്നതോടെ ബിജെപിക്ക് നേതൃത്വമില്ലെന്ന് പറയുന്ന കോൺഗ്രസ് നേതാക്കൾ സ്വന്തം പാർട്ടി ആദ്യം നന്നാക്കാൻ നോക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വന്തം കുടുംബത്തിലെ പ്രശ്‌നങ്ങൾ പോലും പരിഹരിക്കാൻ പറ്റാത്ത കെ മുരളീധരനാണ് ബിജെപിയെ കുറ്റപ്പെടുത്തുന്നതെന്നും ഗോപാലകൃഷ്ണൻ തിരിച്ചടിച്ചു. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി നിർണയത്തിലെ പ്രശ്‌നങ്ങൾ മൂലം ആനന്ദ് കെ തമ്പി ആത്മഹത്യ ചെയ്തതിന്റേയും ശാലിനി എന്ന ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റേയും പശ്ചാത്തലത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണങ്ങൾ. അതേസമയം ആർഎസ്എസ് പ്രവർത്തകന്റെ ആത്മഹത്യയിൽ സങ്കടമുണ്ടെന്നും വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.