സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി ഉയർന്നതിന് പിന്നാലെ ഫെഫ്കയ്‌ക്കെതിരെ വന്ന ആരോപണത്തിനെതിരെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. വിഷയത്തിൽ ഫെഫ്ക ഒത്തുതീർപ്പിന് ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്ക നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും ഐസിസി പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ ഫെഫ്ക ഇടപെടേണ്ട ആവശ്യമില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ശക്തമായ നടപടിയെടുക്കുമെന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ഫെഫ്ക നിലപാട് മാറ്റിയെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേയും ഫിലിം ചേംബേർസ് മോണിറ്ററിംഗ് കമ്മിറ്റിയുടേയും വിമർശനങ്ങളോടായിരുന്നു ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. ഒത്തുതീർപ്പിനായി ഫെഫ്ക നിർമാതാവിനെ വിളിച്ചുവരുത്തിയെന്നും വിശദീകരണം തേടിയെന്നുമുള്ള ആരോപണം പച്ചക്കള്ളമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഐസിസി ശുപാർശ നടപ്പാക്കേണ്ടത് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ്. അസോസിയേഷനുകൾ വിഷയത്തിലെടുക്കുന്ന നടപടികൾക്ക് ഫെഫ്ക പൂർണ പിന്തുണ അറിയിച്ചതാണ്. സജി നന്ത്യാട്ട് ഉൾപ്പെടെയുള്ളവർ ഫെഫ്ക സൂത്രവാക്യം സിനിമാ നിർമാതാവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയെന്ന് പ്രതികരിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് ഫെഫ്കയുടെ വാദം. ഷൈൻ ടോം ചാക്കോയോട് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചെന്നും ലഹരി ഉപയോഗത്തിൽ നിന്ന് മോചനം നേടാൻ ഷൈൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതായും ബി ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

























