തിരൂര്‍(മലപ്പുറം): പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ അമ്മ ഉള്‍പ്പെടെ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന് നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയതും മൃതദേഹം തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ചതും. കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിയനുസരിച്ച് വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയില്‍വേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേര്‍ന്ന ഓടയില്‍നിന്ന് ബാഗില്‍ ഉപേക്ഷിച്ചനിലയില്‍ മൃതദേഹം കണ്ടെടുത്തിരുന്നു.


മൂന്നുമാസം മുന്‍പ് ഭര്‍ത്താവിനെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയ ശ്രീപ്രിയയെ സഹോദരീഭര്‍ത്താവ് ചിലമ്പരശന്‍ യാദൃച്ഛികമായി തിരൂരില്‍ കണ്ടതാണ് സംഭവങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. നെയ്വേലി സ്വദേശി മണിബാലന്‍ ശ്രീപ്രിയയെ വിവാഹംചെയ്തത് രണ്ടുവര്‍ഷം മുന്‍പാണ്. അതില്‍ ജനിച്ച കുഞ്ഞാണിപ്പോള്‍ കൊലചെയ്യപ്പെട്ടത്.























