ബൈജു ഓടിച്ച കാർ ഹരിയാനയിലേത്, എൻഒസി ഇല്ല, റോഡ് നികുതിയും അടച്ചിട്ടില്ല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച വാഹനാപകടത്തിൽ നടൻ ബൈജു എല്ലാ ചട്ടങ്ങളും ലംഘിച്ചെന്ന് റിപ്പോർട്ട്. പരിവാഹൻ വെബ്‌സൈറ്റ് അനുസരിച്ച് കാറിന്റെ ആർസി രേഖയിൽ കാണിച്ചിരിക്കുന്ന ബൈജുവിന്റെ വിലാസം ഹരിയാനയിലേതാണ്. ഗുരുഗ്രാമിലെ സെക്ടർ 49ലെ താമസക്കാരനാണ് എന്നാണ് വിലാസത്തിൽ പറയുന്നത്. ഹരിയാനയിലെ കാർ കേരളത്തിൽ ഓടിക്കാൻ ഹരിയാന വാഹനവകുപ്പിന്റെ എൻഒസി വേണം. വാഹനം എത്തിച്ച് 30 ദിവസത്തിൽ ഹാജരാകേണ്ട എൻഒസി ഇതുവരെ നൽകിയിട്ടില്ലെന്നും കേരളത്തിൽ എത്തിച്ചാൽ അടയ്‌ക്കേണ്ട റോഡ് നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം.

കഴിഞ്ഞ ദിവസം അർധരാത്രി തിരുവനന്തപുരം വെളളയമ്പലത്താണ് ബൈജുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. മദ്യപിച്ച് വാഹനമോടിച്ച ബൈജുവിന്റെ കാർ സ്‌കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രക്തപരിശോധനയ്ക്ക് ബൈജു വിസമ്മതിച്ചെങ്കിലും മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി . ഒപ്പമുണ്ടായിരുന്ന യുവതി മകളെന്നാണ് ആദ്യം ലഭിച്ച വിവരമെങ്കിലും ഇക്കാര്യം നിഷേധിച്ച മകൾ ബന്ധുവാണ് കൂടെയുണ്ടായിരുന്നതെന്നും സാമൂഹിക മാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞദിവസം രാത്രി പതിനൊന്നേമുക്കാലിന് വെളളയമ്പലം ജംങ്ഷനിലാണ് അപകടം. കവടിയാർ ഭാഗത്ത് നിന്ന് മദ്യപിച്ച് അമിത വേഗതയിലെത്തിയ ബൈജുവിന്റെ കാർ ആൽത്തറ ഭാഗത്തുളള വീടിന്റെ വശത്തേയ്ക്ക് തിരിയുന്നിടത്താണ് സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ടത്. ഇവിടെ റോഡ് പണിക്കായി റോഡ് അടച്ചത് ശ്രദ്ധിക്കാതെ കാർ തിരിക്കുകയും പിന്നീട് വെട്ടിച്ചപ്പോൾ സ്‌കൂട്ടറിൽ ഇടിക്കുകയുമായിരുന്നു പുല്ലിലേയ്ക്ക് വീണ സ്‌കൂട്ടർ യാത്രക്കാരന് കാര്യമായ പരിക്കേറ്റില്ല.

സമീപത്തെ സിഗന്ൽ പോസ്റ്റിലും ഇടിച്ചാണ് വാഹനം നിന്നത്. ബൈജുവിനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തപരിശോധനയ്ക്ക് തയാറായില്ല. മദ്യത്തിന്റെ രൂക്ഷഗന്ധമുണ്ടെന്ന് ഡോക്ടർ പരിശോധനാ റിപ്പോർട്ടിൽ കുറിച്ചു. മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ചതിന് കേസെടുത്ത പൊലീസ് ബൈജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.