അഭിഭാഷകയെ മർദിച്ച കേസ്; ബെയ്‍ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയും അഭിഭാഷകനുമായ ബെയ്‍ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച സംഭവം ഗൗരവമുള്ളതാണെന്നു പ്രോസിക്യൂഷൻ വാദിച്ചു. പരാതിക്കാരിക്കു തൊഴിലിടത്തു സംഭവിച്ച ആക്രമണം അവരുടെ അന്തസ്സിനേറ്റ കളങ്കമായതിനാൽ ജാമ്യം നൽകുന്നതു നീതി നിഷേധിക്കലാകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

എന്നാൽ അഭിഭാഷകന്റെ ഓഫിസിനുള്ളിൽ രണ്ട് ജൂനിയർ അഭിഭാഷകരുടെ തർക്കത്തിനൊടുവിലാണ് സംഭവം ഉണ്ടായതെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. ബെയ്‌ലിൻ ദാസിനെ കോടതി കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ചൊവാഴ്ചയാണു തന്റെ ഓഫിസിൽ വച്ച് ബെയ്‍ലിൻ ദാസ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദിച്ചത്. ഇടതുകവിളിൽ അടിയേറ്റു വീണ ശ്യാമിലി എഴുന്നേൽക്കുന്നതിനിടയിൽ കൈയിൽപിടിച്ചു തിരിച്ച ശേഷം ബെയ്‌ലിൻ ദാസ് വീണ്ടും കവിളിൽ അടിക്കുകയായിരുന്നുവെന്നാണു റിമാൻഡ് അപേക്ഷയിൽ പൊലീസ് വ്യക്തമാക്കുന്നത്. ആക്രമണത്തിനു ശേഷം ഒളിവിൽ പോയ ബെയ്‌ലിൻ ദാസിനെ വ്യാഴാഴ്ച രാത്രി 7 മണിയോടെയാണ് തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തത്.