പണം വാങ്ങിയിട്ടില്ല, മാനസിക വൈകല്യം സഹിക്കാതെ വന്നതോടെയാണ് ഹരികുമാറിനെ പറഞ്ഞുവിട്ടതെന്ന് ജ്യോത്സ്യൻ; ദുരൂഹത വർധിപ്പിച്ച് ശ്രീതുവിന്റെ മൊഴി

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസകാരിയെ കിണറ്റിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് അമ്മ ശ്രീതുവിന്റെ മൊഴി. കരിക്കകം സ്വദേശിയായ ജ്യോത്സ്യൻ ശംഖുമുഖം സ്വദേശി ദേവിദാസന് 30 ലക്ഷം നൽകിയെന്നാണ് ശ്രീതു പൊലീസിന് നൽകിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ജ്യോത്സ്യൻ ദേവിദാസനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. എന്നാൽ പണം വാങ്ങിയെന്ന ആരോപണം ജ്യോത്സൻ നിഷേധിച്ചു.

തനിക്കെതിരെയുള്ളത് കള്ളപ്പരാതിയാണെന്ന് ദേവിദാസൻ പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ജ്യോത്സ്യൻമാരെ വക്രീകരിച്ച് കാണിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും സംശയമുണ്ട്. ഹരികുമാറിന് എഴുതാനും വായിക്കാനും എണ്ണാനും അറിയില്ലെന്നും ദേവിദാസൻ പറഞ്ഞു. ഹരികുമാറിനോട് മകനോടെന്ന പോലെ പ്രത്യേക സ്‌നേഹം ഉണ്ടായിരുന്നു. മാനസിക വൈകല്യം സഹിക്കാനാവാതെ വന്നതോടെയാണ് ജോലിയിൽ നിന്ന് ഒഴിവാക്കിയതെന്നും ദേവീദാസൻ പറഞ്ഞു.

അതേസമയം, ദേവേന്ദുവിനെ അമ്മാവൻ കിണറ്റിലെറിഞ്ഞ് കൊന്നത് സഹോദരിയോടുള്ള കടുത്ത വൈരാഗ്യം മൂലമാണെന്നാണ് പൊലീസ് പറയുന്നത്. പ്രതി ഹരികുമാറിനെതിരെ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഹരിയുടെ അനാരോഗ്യകരമായ താൽപര്യങ്ങൾ ദേവേന്ദുവിന്റെ അമ്മ ശ്രീതു എതിർത്തിരുന്നു. കുഞ്ഞ് കാരണം തന്നോടുള്ള സ്‌നേഹവും ശ്രദ്ധയും ശ്രീതുവിന് കുറഞ്ഞതായും ഹരി കരുതി. ഇതിനെല്ലാം കാരണം കുട്ടിയാണെന്ന് കരുതിയ ഹരിക്ക് കുഞ്ഞിന്റെ കരച്ചിൽ പോലും അരോചകമായി തോന്നി. കൊലപാതകം നടന്ന രാത്രി ഹരി അയച്ച വാട്‌സപ് സന്ദേശത്തിന് ശ്രീതു അനുകൂല മറുപടിയും നൽകിയില്ല. ഇത് കൊല്ലാനുള്ള പെട്ടെന്നുള്ള പ്രകോപന കാരണമായെന്നും പൊലീസ് പറയുന്നു. റിമാൻഡിലായ പ്രതിക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കുട്ടിയെ കൊലപ്പെടുത്തിയെന്ന് ഹരി കുമാർ സമ്മതിച്ചിട്ടുണ്ടെങ്കിലും കൊലപാതക കാരണം കണ്ടുപിടിക്കാനാകാതെ കുഴങ്ങുകയാണ് പൊലീസ്. ഹരികുമാർ ഇടയ്ക്കിടെ മൊഴി മാറ്റുന്നതാണ് പൊലീസിനെ കുഴപ്പിക്കുന്നത്. കുട്ടിയെ കൊല്ലണമെന്ന് ഉൾവിളി തോന്നിയതോടെയാണ് കുറ്റം നടത്തിയതെന്നാണ് ഇന്ന് ഹരികുമാർ പൊലീസിനു നൽകിയ മൊഴി. കൊല്ലാൻ തോന്നിയപ്പോൾ കൊന്നു എന്നാണ് ഹരി കുമാർ പറയുന്നത്. പ്രതി ചില സമയങ്ങളിൽ മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്ന് റൂറൽ എസ്പി കെഎസ് സുദർശൻ പറഞ്ഞു.

ഹരി കുമാറും കുട്ടിയുടെ അമ്മ ശ്രീതുവും തമ്മിലുള്ള ബന്ധവും പൊലീസിനെ വലയ്ക്കുന്നുണ്ട്. തൊട്ടടുത്ത മുറികളിൽ താമസിക്കുന്ന ഇവർ വാട്‌സാപ്പിൽ വിഡിയോ കോളുകൾ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് പൊലീസിൽ സംശയമുണർത്തിയത്. ഹരികുമാർ ശ്രീതുവിനോട് വഴിവിട്ട അടുപ്പം കാണിച്ചിരുന്നെന്നാണ് സൂചന. ശ്രീതു ഇതിനോട് വഴങ്ങാത്തതിലുള്ള വൈരാഗ്യത്തിലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ആദ്യം പൊലീസിനോട് മൊഴി നൽകിയത്. എന്നാൽ പിന്നീട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടെല്ലാം പരസ്പര വിരുദ്ധമായ മൊഴിയാണ് ഹരി കുമാർ നൽകുന്നത്. ചില ഘട്ടങ്ങളിൽ പൊലീസിനോട് തട്ടിക്കയറുകയും ചെയ്തിരുന്നു.