മലയാള സിനിമാ സെറ്റിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി. രാധിക എന്തുകൊണ്ട് ഇക്കാര്യം അന്ന് തന്നെ തുറന്ന് പറഞ്ഞില്ലെന്നും അവരുടെ നിശബ്ദത ക്രൈമിന് വഴിവച്ചു കൊടുക്കുകയല്ലേ ചെയ്തത് എന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.

“രാധിക ശരത് കുമാർ എന്നൊരു വ്യക്തി ചെന്നൈ നഗരത്തിൽ ഏറ്റവും സ്വാധീനം ഉള്ളൊരു വ്യക്തിയാണ്. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സിനിമാ മേഖലയിൽ വളരെ സ്വാധീനം ഉള്ള ആളാണ്. തനിക്കല്ല, വേറെ ഏതോ സ്ത്രീകൾക്ക് നേരെ ഇത്തരം ക്രൈം നടക്കുന്നുണ്ട് എങ്കിൽ അവരും ഇതുപോലെ കാര്യങ്ങൾ പൂഴ്ത്തി വച്ചു എന്ന് തന്നെയല്ലേ പ്രതീക്ഷിക്കേണ്ടത്. ചെരുപ്പൂരി അടിക്കും എന്നല്ല പറയേണ്ടത്. പൊലീസിൽ അവർ പരാതി നൽകണം. ഇന്നും അത് നടക്കുന്നുണ്ടോ ഇല്ലയോ എന്ന് നമുക്ക് എങ്ങനെ അറിയാം. ഇവരുടെ നിശബ്ദത ക്രൈമിന് വഴിവച്ച് കൊടുക്കുകയല്ലേ ചെയ്തത്. എന്തുകൊണ്ട് അവരന്ന് തന്നെ പുറം ലോകത്തെ അറിയിച്ചില്ല. ഈ ലോകത്തുള്ള സകല പുരുഷന്മാരെയും സംസാരിച്ച് തിരുത്താൻ പറ്റുമെന്നാണോ വിചാരിക്കുന്നത്. നിയമ നടപടിയിലൂടെ മാത്രമെ ഓരോരുത്തരെയും തിരുത്താൻ സാധിക്കൂ എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

























