ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിയിലെ ഇന്ത്യയുടെ വിജയശിൽപ്പിയായ ജെമീമ റോഡ്രിഗസിനെ വിമർശിച്ച് നടിയും തമിഴ്‌നാട്ടിലെ ബിജെപി നേതാവുമായ കസ്തൂരി ശങ്കർ. മത്സരശേഷം യേശുവിന് നന്ദി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കസ്തൂരി ‘എക്‌സി’ൽ വിമർശനമുന്നയിച്ചത്. ആരെങ്കിലും ജയ് ശ്രീറാം എന്നോ ഹര ഹര മഹാദേവെന്നോ പറഞ്ഞിരുന്നെങ്കിൽ എന്തായിരിക്കും മറ്റുള്ളവരുടെ പ്രതികരണമെന്ന് അവർ ചോദിച്ചു.

ഇന്ത്യയെ ലോകകപ്പ് ഫൈനലിലെത്തിച്ചശേഷമാണ് യേശുവിന് നന്ദിപറഞ്ഞ് ജെമീമ രംഗത്തെത്തിയത്. “എനിക്ക് യേശുവിന് നന്ദി പറയണം, എനിക്കിത് സ്വയം ചെയ്യാൻ കഴിയില്ലായിരുന്നു. എന്റെ അമ്മയ്ക്കും അച്ഛനും പരിശീലകനും എന്നിൽ വിശ്വസിച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നു. കഴിഞ്ഞ മാസം വളരെ പ്രയാസമേറിയതായിരുന്നു. ഇതൊരു സ്വപ്നം പോലെ തോന്നുന്നു, ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല.- എന്നായിരുന്നു വിജയത്തിന് ശേഷം ജെമീമ പറഞ്ഞത്.


ഇതിനെതിരേയാണ് കസ്തൂരി രംഗത്തെത്തിയത്. ഏതെങ്കിലും ക്രിക്കറ്റ് താരം ശിവന്റെ പേരിലോ ഹനുമാന്റെ പേരിലോ വിജയം സമർപ്പിച്ചാൽ എങ്ങനെയായിരിക്കും മറ്റുള്ളവർ പ്രതികരിക്കുക എന്നും അവർ ചോദിച്ചു. ജെമീമയുടെ വിശ്വാസത്തിൽ സന്തോഷമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നമ്മൾ മറ്റുള്ളവരുടെ വികാരങ്ങളെ അതേരീതിയിൽ പരിഗണിക്കാത്തത്. – കസ്തൂരി ‘എക്‌സി’ൽ കുറിച്ചു. ഒരു വ്യക്തിയേയും താൻ അധിക്ഷേപിച്ചിട്ടില്ലെന്നും വിമർശനങ്ങൾക്ക് മറുപടിയായി കസ്തൂരി പറയുന്നു.























