കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ ബോബി ചെമ്മണൂർ കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലായിരുന്നു ഇന്നലെ രാത്രി കഴിഞ്ഞത്. പത്ത് പേർക്ക് കഴിയാവുന്ന സെല്ലിൽ നിലവിലുള്ള അഞ്ചു പേർ കഴിഞ്ഞ് ആറാമനായിരുന്നു ബോബി. സമീപകാലത്തായി എത്തിയ ഇവർ മയക്കുമരുന്ന്, മോഷണക്കേസ് പ്രതികളാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. കഴിക്കാനാവശ്യമായ മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.

സാധാരണ വൈകീട്ട് അഞ്ചിനുതന്നെ അന്തേവാസികൾക്ക് ഭക്ഷണം നൽകിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാൽ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ജയിലിൽ ഭക്ഷണം കരുതിയത്. ബോബിയെ ഇന്ന് രാവിലെ ജയിൽ ഡോക്ടർ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിക്കുള്ളിൽ ബോബി തളർന്നു വീണിരുന്നു.


അതേസമയം, കേസിൽ ജാമ്യം തേടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കാൻ ബോബി ചെമ്മണൂരിന്റെ അഭിഭാഷകർ ആലോചിക്കുന്നുണ്ട്. എന്നാൽ ഇന്ന് തന്നെ വിധി ഉണ്ടാകുമെന്ന് ഉറപ്പില്ലാത്തതിനാൽ ഹൈക്കോടതിയെ നേരിട്ടു സമീപിക്കാനും ആലോചനയുണ്ട്. നാളെ രണ്ടാം ശനിയും പിറ്റേന്ന് ഞായറാഴ്ചയുമായതിനാൽ ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കിൽ രണ്ടു ദിവസം കൂടി ബോബി ജയിലിൽ കഴിയേണ്ടി വരും.























