നിമിഷപ്രിയയുടെ മോചനം; മരിച്ച തലാലിന്റെ കുടുംബത്തെ ഇറാൻ പ്രതിനിധികൾ ബന്ധപ്പെട്ടു

ന്യൂഡൽഹി: യെമനിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സായ നിമിഷ പ്രിയയുടെ മോചനത്തിൽ പ്രതീക്ഷ. തലാലിന്റെ കുടുംബവുമായി ഇറാൻ പ്രതിനിധികൾ ബന്ധപ്പെട്ടതായി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നൽകി മാപ്പ് തേടാനുള്ള വഴികൾ ഇറാൻ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്.

മരിച്ച തലാൽ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചർച്ചയ്ക്ക് ഇറാൻ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ കുടുംബത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്.

ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവിൽ തടവിലുള്ളത്. ചർച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നൽകാൻ കുറച്ചു പണം നിലവിൽ സംഘടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരൻ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നൽകിയാൽ ഇടനിലക്കാരൻ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം ഇക്കാര്യത്തിൽ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതർ വ്യക്തമാക്കുന്നു.