കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അഖിലയും അതുല്യയും; സുധാകരന്റെയും ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു

പാലക്കാട്: നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര അതിക്രൂരമായി കൊലപ്പെടുത്തിയ സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം സംസ്‌കരിച്ചു. സുധാകരന്റെ മൃതദേഹം എലവഞ്ചേരി പഞ്ചായത്ത് ശ്മശാനത്തിലും ലക്ഷ്മിയുടെ മൃതദേഹം നെന്മാറ പഞ്ചായത്ത് ശ്മശാനത്തിലുമാണ് സംസ്‌കരിച്ചത്. മതപരമായ ചടങ്ങുകളോടെയായിരുന്നു സംസ്‌കാരം.

പോസ്റ്റ് മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സങ്കടം സഹിക്കാനാകാതെ മക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. കരഞ്ഞുതളർന്ന പെൺമക്കൾ അഖിലയെയും അതുല്യയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും നാട്ടുകാരും നിസ്സഹായരായി. നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി വീട്ടിലെത്തിയത്.

അതേസമയം, കൊലപാതകം നടത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതി ചെന്താമരയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല. 125 പൊലീസുകാരാണ് പ്രതിക്കായി തിരച്ചിൽ നടത്തുന്നത്. അതിനിടെ ചെന്താമരക്ഷന്റെ ഒരു സിം ഓണായതായും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് തിരുവമ്പാടിയിലാണ് സിം ലൊക്കേഷൻ കാണിക്കുന്നത്. തിരുവമ്പാടി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി.