ചുട്ടുപഴുത്ത ഉരകല്ലോ ഇരുമ്പോ മാറിടത്തിൽ വയ്ക്കും; പെൺകുട്ടികളുടെ സ്തനവളർച്ച തടയുന്ന വിചിത്ര രീതി

ആഫ്രിക്കയിൽ സമൂഹത്തെ ഭയന്ന് ഇവരുടെ സ്വാഭാവികമായ ശാരീരിക വളർച്ചയ്ക്ക് തടയിടാൻ സമാനതകളില്ലാത്ത മുറകൾ സ്വീകരിക്കുകയാണ് അമ്മമാർ. 10 വയസ് പൂർത്തിയാകുന്നതോടെ പെണ്‍കുട്ടികളുടെ വളർച്ച തടയുന്നതിനായി പെൺകുട്ടികളുടെ സ്തനങ്ങളിൽ ചൂടേൽപ്പിക്കുന്നത് ആഫ്രിക്കയിൽ ചിലയിടങ്ങളിലെ പാരമ്പരാഗത രീതിയാണ്.

ബ്രസ്റ്റ് അയണിങ് അല്ലെങ്കിൽ ബ്രസ്റ്റ് ഫ്ലാറ്റണിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. വീടുകളിൽ പതിവായി ഉപയോഗിച്ചുവരുന്ന അരകല്ലുകൾ, ഇരുമ്പ്, ചിരട്ട, ചുരയ്ക്കത്തോട്, ചുറ്റിക, വടി, ചട്ടുകം തുടങ്ങിയവ പെൺമക്കളുടെ സ്തനങ്ങളിൽ ചൂട് ഏൽപിക്കാനായി ഇവിടുത്തെ അമ്മമാർ ഉപയോഗിക്കുന്നു. ഇവ ചൂടാക്കിയ ശേഷം വളർന്നുവരുന്ന സ്തനങ്ങൾക്കുമേൽ അമർത്തുന്നതിലൂടെ സ്തന വളർച്ച മുരടിപ്പിക്കാനാണ് ശ്രമം. സ്തനങ്ങൾക്ക് സ്വാഭാവിക വളർച്ച ഇല്ലാതെ വരുന്നതോടെ പുരുഷന്മാർ ഇവരിലേയ്ക്ക് ആകൃഷ്ടരാകുന്നത് തടയാനും അതുവഴി ശാരീരിക അതിക്രമങ്ങളും പ്രായപൂർത്തി എത്താതെയുള്ള ഗർഭധാരണങ്ങളും ഒഴിവാക്കാനും സാധിക്കുമെന്ന് ഇവർ കരുതുന്നു.

പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത് തടയാനും നിർബന്ധിത വിവാഹങ്ങൾ ഒഴിവാക്കാനും മക്കളുടെ വിദ്യാഭ്യാസകാലം പൂർത്തീകരിക്കാനുമുള്ള വഴിയായി കണ്ടാണ് അമ്മമാരും കുടുംബത്തിലെ മുതിർന്ന സ്ത്രീകളും ഈ കടുംകൈയ്ക്ക് മുതിരുന്നത്. എന്നാൽ ഈ പ്രക്രിയയിലൂടെ കടന്നുപോകുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ സമാനതകളില്ലാത്തതാണെന്ന് ആരോഗ്യ സംഘടനകളും മനുഷ്യാവകാശ സംഘടനകളും വ്യക്തമാക്കുന്നുണ്ട്.

ദിവസങ്ങൾ എടുത്താണ് സ്തന വളർച്ച തടയാനുള്ള പ്രക്രിയ നടത്തുന്നത്. കുടുംബത്തിലെ പുരുഷ അംഗങ്ങൾ അറിയാതെ അതീവ രഹസ്യമായി സ്ത്രീകൾ ഇത് കൈകാര്യം ചെയ്യുന്നു. എന്നാൽ പ്രക്രിയ അവസാനിപ്പിച്ചാലും പിന്നീടുള്ള ജീവിതത്തിൽ ഉടനീളം ഇതിന്റെ പ്രത്യാഘാതങ്ങൾ പെൺകുട്ടികൾ അനുഭവിച്ചുകൊണ്ടേയിരിക്കും എന്നതാണ് ദുരവസ്ഥ. സ്തനങ്ങളിലെ മസിലുകൾക്ക് ഗുരുതരമായ ബലക്ഷയം സംഭവിക്കും. വർഷങ്ങളോളം വേദനയുണ്ടാകുന്നതും പതിവാണ്. ശരീരത്തിന്റെ സ്വാഭാവിക ആകൃതി വികൃതമായി തീർന്നതിലെ നാണക്കേട് മൂലം പുറത്തിറങ്ങാൻ പോലും പെൺകുട്ടികൾ മടിക്കുന്നു.ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം 3.8 മില്യൺ പെൺകുട്ടികൾ ബ്രസ്റ്റ് അയണിങ്ങിനു വിധേയരാകുന്നുണ്ട്.പല പ്രദേശങ്ങളിലും ബ്രസ്റ്റ് അയണിങ് ക്രിമിനൽ കുറ്റകൃത്യമായി കണക്കാക്കി അതിനു തടയിടുന്നതിനായി നിയമങ്ങളും കൊണ്ടുവന്നിട്ടുണ്ട്. നൈജീരിയയിൽ ചേലാകർമ്മമോ ബ്രസ്റ്റ് അയണിങ്ങോ നിർബന്ധിത വിവാഹമോ നടന്നാൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികളെ നാലുവർഷം തടവിൽ പാർപ്പിക്കാനും 25000രൂപ പിഴ ഈടാക്കാനും നിയമം അനുശാസിക്കുന്നു.