ന്യൂഡൽഹി: അബദ്ധത്തിൽ അതിർത്തി കടന്നതിന് പാകിസ്താൻ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ബിഎസ്എഫ് ജവാൻ പാക് റേഞ്ചേഴ്‌സിന്റെ പക്കൽ നിന്ന് നേരിടേണ്ടി വന്നത് കൊടുംപീഡനങ്ങൾ. കേന്ദ്ര ഏജൻസികൾ പി കെ ഷാ എന്ന ജവാനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. ഭൂരിഭാഗ സമയവും പാക് റേഞ്ചേഴ്‌സ് തന്റെ കണ്ണ് മൂടിക്കെട്ടിയിരുന്നുവെന്നും ഉറങ്ങാൻ പോലും അനുവദിച്ചില്ലെന്നും അസഭ്യം പറഞ്ഞെന്നും പി കെ ഷാ കേന്ദ്ര ഏജൻസികളോട് പറഞ്ഞു. തന്നെ അവർ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

21 ദിവസക്കാലമാണ് ബിഎസ്എഫ് ജവാന് പാക് കസ്റ്റഡിയിൽ കഴിയേണ്ടി വന്നത്. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സമയത്തൊക്കെയും അദ്ദേഹം പാക് റേഞ്ചേഴ്‌സിന്റെ കസ്റ്റഡിയിൽ തന്നെയായിരുന്നു. ഇക്കാലയളവിൽ ഒന്ന് പല്ല് തേക്കാൻ പോലും അവർ തന്നെ അനുവദിച്ചില്ലെന്ന് പി കെ ഷാ കേന്ദ്ര ഏജൻസികളോട് പറഞ്ഞു. കണ്ണുകെട്ടി എവിടെയാണെന്ന് പോലുമറിയാതെയാണ് ഈ ദിവസങ്ങൾ പി കെ ഷാ തള്ളിനീക്കിയത്. മൂന്ന് സ്ഥലങ്ങളിലേക്ക് ഇദ്ദേഹത്തെ കൊണ്ടുപോയി. അതെവിടെയൊക്കെയാണ് ഇദ്ദേഹത്തിന് കാണാനോ മനസിലാക്കാനോ കഴിയുമായിരുന്നില്ല. ഇതിലൊരു സ്ഥലം എയർബേസിന് അടുത്താണെന്ന് വിമാനങ്ങളുടേയും മറ്റും ശബ്ദം കേട്ട് അദ്ദേഹം മനസിലാക്കി. പലരുടേയും കോൺടാക്ട് വിവരങ്ങൾ പാക് റേഞ്ചേഴ്‌സ് തന്നോട് ചോദിച്ചെന്നും മൊബൈൽ ഫോൺ ഉണ്ടോയെന്ന് ചോദിച്ചെന്നും പി കെ ഷാ വെളിപ്പെടുത്തി.

























