തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ച് നടി ലിജോ മോൾ. തനിക്ക് ഒന്നര വയസുള്ളപ്പോഴായിരുന്നു അച്ഛന്റെ മരണമെന്നും പത്താം വയസിൽ അമ്മ രണ്ടാമത് കല്യാണം കഴിച്ചപ്പോളുണ്ടായ അങ്കലാപ്പുകളും ലിജോമോൾ പങ്കുവച്ചു. അന്ന് തനിക്ക് അത് ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാൽ ഇന്ന് അമ്മ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനമെടുത്തു എന്ന് മനസിലാകുന്നുണ്ടെന്നും ലിജോ മോൾ പറഞ്ഞു. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിലാണ് ലിജോ മോൾ മനസ്സു തുറന്നത്.

‘ഒന്നര വയസുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്. അപ്പോൾ അമ്മ ഗർഭിണിയായിരുന്നു. എനിക്ക് പത്ത് വയസും അനിയത്തിക്ക് എട്ട് വയസുമുള്ളപ്പോളാണ് അമ്മ വേറെ കല്യാണം കഴിക്കുന്നത്. രണ്ടാനച്ഛൻ എന്ന് പറയാൻ എനിക്ക് താൽപര്യമില്ല. ഇച്ചാച്ചൻ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. എനിക്ക് ആ സമയത്ത് അത് അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടായിരുന്നു. കാരണം എന്റെ ആദ്യത്തെ പത്ത് വർഷത്തിൽ അച്ഛൻ എന്ന് പറയുന്ന കാര്യം ഉണ്ടായിട്ടില്ല, അത് എന്താണെന്ന് എനിക്കറിയില്ല. പെട്ടെന്ന് ഒരു ദിവസം ഒരാൾ ലൈഫിലേക്ക് കയറി വരുന്നു, അദ്ദേഹം ഇനി നമ്മുടെ കൂടെ ഉണ്ടാകും, അദ്ദേഹത്തെ നമ്മൾ ഇനി ഇച്ചാച്ചൻ എന്ന് വിളിക്കണം എന്നൊക്കെ അമ്മ പറയുമ്പോൾ അത് സ്വീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്ന് എനിക്ക് അത്ര പ്രായമുള്ളൂ. അമ്മയുമായി അന്ന് എനിക്ക് ചെറിയ അകൽച്ച ഉണ്ട്. വല്യമ്മച്ചിയുടെ കൂടെയായിരുന്നു ഞാൻ ഉറങ്ങിയിരുന്നത്. പഠിപ്പിക്കുന്നതൊക്കെ അമ്മയായിരുന്നു. അനിയത്തി അമ്മയുടെ കൂടെയാണ് ഉറങ്ങിയത്.


ഇച്ചാച്ചൻ ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോഴാണ് അച്ഛൻറെ വീട്ടിൽ നിന്നും പോരുന്നത്. അത്രയും നാൾ നിന്ന വീട്ടിൽ നിന്നും പോരുന്നത് എനിക്ക് ബുദ്ധിമുട്ടായിരുന്നു. അമ്മ ട്രാൻസ്ഫർ വാങ്ങി വരികയായിരുന്നു. അമ്മ രണ്ടാമത് വിവാഹം കഴിച്ചതിൽ അച്ഛൻറെ കുടുംബത്തിൽ കുറേയേറെ പ്രശ്നങ്ങളുണ്ടായിരുന്നു. കസിൻസും അങ്കിളുമാരും ആൻറിമാരും ഒന്നും മിണ്ടില്ല. ആ സമയത്ത് അവധിക്ക് പോകാൻ വീടൊന്നുമില്ല. ഞങ്ങൾ വീട്ടിൽ തന്നെയായിരിക്കും. അതുകൊണ്ടൊക്കെ ജീവിതത്തിൽ ഉണ്ടായ ആ മാറ്റത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു. അന്ന് അമ്മയോട് വ്യക്തിപരമായി ഒന്നും പറയാനും പറ്റാതെയായി. അമ്മ അത് ഇച്ചാച്ചനോട് പറയുന്നത് ബുദ്ധിമുട്ടായിരുന്നു. പിന്നെ ഇമോഷണലി വേണ്ട പിന്തുണ ആ സമയത്ത് എനിക്ക് കിട്ടിയില്ല. അമ്മയ്ക്ക് ജോലിയുണ്ടായിരുന്നു. അതിൻറേതായ തിരക്കുണ്ടായിരുന്നു. അമ്മ തിരിഞ്ഞുനോക്കിയിട്ടില്ലെന്നല്ല. നല്ല അമ്മ തന്നെയായിരുന്നു. എന്നാൽ ഞാൻ ആഗ്രഹിച്ച ഒരു പിന്തുണ കിട്ടിയിട്ടില്ല. അമ്മ ഭയങ്കരമായി സ്നേഹം പ്രകടിപ്പിക്കുന്ന ആളല്ല.























