കൊച്ചി: പ്രമുഖ നടിയുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം എളമക്കര പൊലീസ് ആണ് കേസ് എടുത്തത്. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതിന് പിൻതുടർന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു.


അതേസമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി സനൽകുമാർ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് അറിയിച്ചു. സനൽകുമാറിനെ നാട്ടിലെത്തിക്കാൻ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായയും പൊലീസ് അറിയിച്ചു.























