കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കേസ് എടുക്കാൻ നിർദേശം നൽകി വനംമന്ത്രി എകെ ശശീന്ദ്രൻ. ആനയുടെ ഉടമസ്ഥർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർക്കെതിരെ കേസ് എടുക്കാനാണ് നിർദേശം. നാട്ടാന ചട്ടം ലംഘിച്ചുവെന്നും ആനകളുടെ കാലിൽ ഇടച്ചങ്ങല ഇല്ലായിരുന്നുവെന്നും വെടിക്കെട്ട് നടത്തിയത് നിയമം ലംഘിച്ചാണെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു

നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവന്നെ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം നടത്താനും ശിക്ഷനടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടതായി മന്ത്രി പറഞ്ഞു. ഈ ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാനുള്ള അനുവാദം നൽകികൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ നിർദേശിച്ചതായും ശശീന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് നിയമടപടികളുമായി മുന്നോട്ടുപോകുകയാണ്. നമ്മുടെ നാട്ടിലെ ഉത്സവാചാരത്തിന് വിരുദ്ധമായ നിലപാട് സർക്കാർ സ്വീകരിക്കില്ല. നിബന്ധനകൾ ആര് ലംഘിച്ചാലും ജനങ്ങൾക്ക് ദുരിതമുണ്ടാക്കുമെന്നുള്ളതുകൊണ്ടാണ് സർക്കാർ കർശന നിലപാട് സ്വീകരിക്കുന്നത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതൃകാപരമായ ശിക്ഷ നടിപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

























