വായ്പ തിരിച്ചടച്ചില്ല, ചോദിച്ചെത്തിയ ജീവനക്കാരിയെ മർദിച്ച് യുവാവ്; കേസ്

വടകര: വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദിച്ച യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിനെതിരെയാണു കേെസടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

സ്കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്ഥാപനത്തിൽനിന്നു വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണം തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടാണു യുവതി എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതി വിജേഷിന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വിജേഷ് യുവതിയെ മുടിയിൽ പിടിച്ച് പറമ്പിലേക്കിട്ട് മർദിക്കുകയായിരുന്നു.

മർദിക്കുന്ന വിഡിയോ സഹിതം വടകര പൊലീസിനാണു യുവതി പരാതി നൽകിയത്. സംഭവം നടന്നത് എടച്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഇവിടേക്കു കൈമാറുകയായിരുന്നു.