മഹാ കുംഭമേളയിൽ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നടപടിയെടുത്ത് യു പി പൊലീസ്

ലഖ്നൗ: മഹാകുംഭമേളയിൽ എത്തിയ സ്ത്രീകളുടെ ദൃശ്യങ്ങൾ മോശമായി ചിത്രീകരിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് ഉത്തർപ്രദേശ് പൊലീസ്. സ്ത്രീകൾ സ്‌നാനം ചെയ്യുന്നത് അടക്കമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മേളയുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്നതും കുറ്റകരവുമായ സാമൂഹ്യമാധ്യമ കണ്ടെന്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഉത്തർപ്രദേശ് പൊലീസ് മേധാവി പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി.

സ്ത്രീകൾ സ്‌നാനം ചെയ്യുന്നതും വസ്ത്രം മാറുന്നതുമായ ദൃശ്യങ്ങൾ ചില പ്ലാറ്റ്‌ഫോമുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ മോണിറ്ററിംഗ് ടീം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കോത്‌വാലി കുംഭമേള പൊലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്തത്.

ഫെബ്രുവരി 17നാണ് ഇത്തരത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെയാണ് വിഷയത്തിൽ രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. ഇത്തരത്തിലുള്ള വീഡിയോകൾ വിൽക്കാനായി വച്ച ടെലഗ്രാം ചാനലിനെതിരെയാണ് കേസ്. ചാനലിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.