‘ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നു’: മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്

വയനാട്: സർക്കാരിനെതിരെ മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നു എന്നാരോപിച്ചാണ് പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് സർക്കാരിന് ലിസ്റ്റ് സമർപ്പിച്ചതാണ് എന്ന് ചെയർമാൻ മനോജ് ജെ എം ജെ പറഞ്ഞു. ഇത് പരിശോധിച്ച് ശേഷം അംഗീകരിച്ചാൽ മാത്രം മതിയാകുമെന്നാണ് വ്യക്തമാക്കിയത്.

വീട് ലഭിക്കുന്ന കാര്യത്തിൽ പലർക്കും ആശങ്ക നിലനിൽക്കുന്നുണ്ട്. നെടുമ്പാല എസ്റ്റേറ്റിലേതുപോലെ എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെന്റ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്ന ജനകീയ സമിതിയുടെ ഈ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിൽ ആക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കാൻ കഴിയില്ല. ആദ്യഘട്ട സമരം എന്ന നിലയിൽ കലക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ച ദുരന്തബാധിതരുടെ ഉപവാസം നടത്തും – ജനകീയ സമിതി വ്യക്തമാക്കുന്നു.

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ-ചൂരൽ മല മേഖലയുടെ പുനർനിർമ്മാണത്തിനായി 529.5 കോടിയാണ് കേന്ദ്രം വായ്പയായി നൽകിയത്. ഈ സാമ്പത്തിക വർഷം തന്നെ ഉപയോഗിക്കണം എന്ന നിബന്ധനയോടെയാണ് വായ്പ അനുവദിച്ചിരുന്നത്.