കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഇടതു സർക്കാരുകൾ വരുമ്പോൾ അഴിമതിക്കാരെ സംരക്ഷിക്കില്ലെന്നായിരുന്നു പൊതുജനങ്ങളുടെ വിശ്വാസം. എന്നാൽ സർക്കാരും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് പിന്തുടരുന്നതെന്നും കോടതി വിമർശിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷ് എന്നിവരാണ് പ്രതികൾ. ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി സിബിഐ സർക്കാരിനെ സമീപിച്ചിരുന്നു. അഴിമതി നിരോധന നിയമം ചുമത്തണമെങ്കിൽ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടതുണ്ട്. മൂന്നു തവണ സിബിഐ ആവശ്യപ്പെട്ടിട്ടും സർക്കാർ അനുമതി നൽകിയിരുന്നില്ല.

അഴിമതി നടന്നുവെന്ന് സിബിഐക്ക് ബോധ്യപ്പെട്ടെങ്കിലും, സർക്കാരിന് ബോധ്യപ്പെട്ടിട്ടില്ല എന്നായിരുന്നു സർക്കാരിന്റെ വാദം. സംസ്ഥാന സർക്കാർ പ്രോസിക്യൂഷൻ അനുമതി ആവശ്യം തള്ളുകയും ചെയ്തിരുന്നു. ഇതിനെതിരെ പരാതിക്കാരനായ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് തീരുമാനം പുനഃപരിശോധിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടു. കേസ് ഹൈക്കോടതി വീണ്ടും പരിഗണിച്ചപ്പോൾ പുനഃപരിശോധിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി. കോടതി നിർദേശപ്രകാരം പുറത്തിറക്കിയ പുതിയ ഉത്തരവിലും പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. ഇതിലാണ് ജസ്റ്റിസ് ബദറുദ്ദീൻ സർക്കാരിനെ വിമർശിച്ചത്. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുന്നത് എന്തിനാണ്?. പ്രോസിക്യൂഷൻ അനുമതി നൽകാത്തത് എന്തുകൊണ്ടാണ്?. നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സർക്കാരിൽ നിന്നും ഉണ്ടാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ എഴുതേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചു. ഹർജി അടുത്തയാഴ്ചത്തേക്ക് മാറ്റി. അതിനകം പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ സർക്കാർ നടപടി കോടതി നിരീക്ഷിക്കും. ഇല്ലായെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

























