പുത്തൻകുരിശ് (എറണാകുളം): യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് വിട. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന കബറടക്ക ശുശ്രൂഷകൾക്കു ശേഷം മദ്ബഹായുടെ വലത് ഭാഗത്ത് പ്രത്യേകം തയാറാക്കിയ കല്ലറയിൽ ഭൗതികദേഹം സംസ്കരിച്ചു.

യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ്, മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷനും മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിച്ചു.


ഇന്നു രാവിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിലെ കുർബാനയ്ക്കു ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ, നടൻ മമ്മൂട്ടി, ശശി തരൂർ എംപി, മന്ത്രി വി.എൻ.വാസവൻ തുടങ്ങി നിരവധിപേർ ശ്രേഷ്ഠ ബാവായ്ക്ക് ആദരാഞ്ജലി അർപ്പിച്ചു.
ഇന്നലെ രാത്രി ഒൻപതു മണിയോടു കൂടിയാണ് ബാവായുടെ ഭൗതികദേഹം കോതമംഗലത്തുനിന്നു വിലാപയാത്രയായി പുത്തൻകുരിശിൽ എത്തിച്ചത്.























