സർക്കാർ തീയറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ, അന്വേഷണം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ(കെഎസ്എഫ്ഡിസി) ഉടമസ്ഥതയിലുള്ള തീയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിലും ടെലിഗ്രാം അക്കൗണ്ടുകളിലും. തീയേറ്ററുകളിൽസിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളത്. ഇതിനൊപ്പം ടെലിഗ്രാം ചാനലുകളിലൂടെയും ഇത്തരം ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. 2023 മുതലുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇത്തരത്തിൽ ചോർന്നിട്ടുള്ളത്. ദൃശ്യങ്ങൾ ജീവനക്കാർ ചോർത്തിയതോ അതല്ലെങ്കിൽ ഹാക്കിങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ തീയറ്ററിന്റെ പേരും സ്‌ക്രീൻ നമ്പരും തീയതിയും സമയവുമെല്ലാം വ്യക്തമായി കാണുന്നുണ്ട്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങൾ വിൽക്കുന്നത്. സംഭവത്തിൽ കെഎസ്എഫ്ഡിയുടെ ആഭ്യന്തര അനേക്ഷണം ആരംഭിച്ചിട്ടുണ്ട്.