രാഹുലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിൽ; എട്ടാം ദിവസവും ഒളിവിൽ, ഡ്രൈവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച ഡ്രൈവറാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു ദൗത്യമെന്നും ആണ് ഡ്രൈവർ പൊലീസിനു മൊഴി നൽകിയത്. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ചിലയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും രാഹുലിനെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ മലയാളിയാണ്. അതേ സമയം, എട്ടാം ദിവസവും ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് കണ്ടെത്തി. ഇതോടെ കർണാടക – കേരള അതിർത്തിയിൽ തിരച്ചിൽ ശക്തമാക്കി.

എംഎൽഎ ഒളിവിൽ കഴിയാൻ തുടങ്ങിയിട്ട് ഇന്ന് എട്ടാം ദിനമാണ്. പൊലീസിൽ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്ഐടി നീക്കങ്ങൾ രഹസ്യമായിരിക്കണമെന്നാണ് ഉന്നതതല നിർദേശം. ഇന്നലെ വൈകിട്ടോടെ രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ‌ പുറത്തുവന്നുു. 2023ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.