തൊടുപുഴ: ഏറ്റുമാനൂരിൽ മക്കളെയുംകൊണ്ട് ട്രെയിനിനുമുന്നിൽച്ചാടി മരിച്ച തൊടുപുഴ ചുങ്കം സ്വദേശി ഷൈനി(42)യുടെ കടം അടച്ചുതീർത്ത് ‘ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ’ എന്ന പ്രവാസി മലയാളി സംഘന. ഷൈനി, കുടുംബശ്രീ സംഘത്തിൽനിന്ന് എടുത്ത ലോണിൽ ബാക്കിയുണ്ടായിരുന്ന 95,225 രൂപയാണ് സംഘടന നൽകിയത്. കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസിന് സംഘടന നൽകിയ ചെക്ക് ഞായറാഴ്ച വൈകീട്ടോടെ, ഷൈനി അംഗമായിരുന്ന ‘പുലരി’ കുടുംബശ്രീ സംഘത്തിലെ അംഗങ്ങൾക്ക് കൈമാറി.

കുടുംബശ്രീ സംഘത്തിൽനിന്ന് മൂന്ന് വായ്പയാണ് ഷൈനി എടുത്തിരുന്നത്. ഭർത്താവ് നോബിയുമായുള്ള പ്രശ്‌നത്തെത്തുടർന്ന്, ഒൻപതുമാസംമുൻപാണ് ഷൈനി വീടുവിട്ടിറങ്ങിയത്. ഇതിനുശേഷം ഏറ്റുമാനൂരിലെ സ്വന്തം വീട്ടിലാണ് മക്കളുമായി കഴിഞ്ഞിരുന്നത്.


ഷൈനി ചുങ്കത്തുനിന്ന് പോകുന്നതിന് മുൻപുവരെ വായ്പ കൃത്യമായി തിരിച്ചടച്ചിരുന്നു. ഏറ്റുമാനൂരിലേക്ക് പോയതോടെ തിരിച്ചടവ് മുടങ്ങി. ഇതോടെ സംഘത്തിലെ മറ്റംഗങ്ങൾ ഷൈനിയെ ബന്ധപ്പെട്ടിരുന്നു. ഷൈനി പണമടച്ചില്ലെങ്കിൽ സംഘത്തിലെ മറ്റ് 13 അംഗങ്ങൾക്കും ഇത് തുല്യബാധ്യതയായിമാറും. അതിനിടെയാണ് ഫെബ്രുവരി 28-ന് ഷൈനി മക്കളായ അലീന (11), ഇവാന (10) എന്നിവരോടൊപ്പം മരിച്ചത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ, അംഗങ്ങളിൽനിന്ന് തുക സമാഹരിച്ചാണ് കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റിന് കൈമാറിയതെന്ന് കൺവീനർ സാബു ഫിലിപ്പ് പറഞ്ഞു. യുകെയിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ട. ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയർ ജിമ്മി ചെറിയാൻ, ലിവർപൂൾ ക്നാനായ കമ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ്, ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവർ ധനസമാഹരണത്തിന് സഹായിച്ചു.
ഇടുക്കിയിൽനിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ സന്നദ്ധസംഘനയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ. ഇതുവരെ 1.41 കോടി രൂപയുടെ സന്നദ്ധസഹായങ്ങൾ സംഘടന നൽകിയിട്ടുണ്ടെന്ന്, ഭാരവാഹികളായ ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവർ പറഞ്ഞു.























