മുഖ്യമന്ത്രി ഇടപെട്ടു; വിനോദിനിക്കുള്ള ധനസഹായം കുടിശിക ഉൾപ്പെടെ ഉടൻ വിതരണം ചെയ്യും

പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്കുള്ള ധനസഹായം മുടങ്ങിയ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. വിനോദിനിക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നാലു മാസം മുടങ്ങിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ ഉടപെടൽ.

വനിത ശിശുക്ഷേമ വകുപ്പിന്റെ സ്പോൺസർഷിപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിനോദിക്ക് ധനസഹായം നൽകിയിരുന്നതെന്നാണ് വനിത ശിശു ക്ഷേമ വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചത്. കേന്ദ്ര സർക്കാർ നൽകുന്ന പണം ഉൾപ്പെടെയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. പുതിയ സാമ്പത്തിക വർഷമായതോടെ ഫണ്ട് ലഭിക്കുന്നത് മുടങ്ങി. നിലവിലെ സാഹചര്യത്തിൽ ലഭ്യമായ മറ്റ് ഫണ്ടുകൾ ഉപയോഗിച്ച് കുടിശിക ഉടൻ തീർക്കുമെന്നും വകുപ്പ് ഡയറക്ടർ മുഖ്യമന്ത്രിയെ അറിയിച്ചു. ധനസഹായം മുടങ്ങിയത് സംബന്ധിച്ച് അന്വേഷിക്കാൻ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയോടും മുഖ്യമന്ത്രി നിർദേശിച്ചു.