ഗുരുവായൂരിൽ ദർശനം നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി.മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കുന്നത്. രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ഉച്ചതിരിഞ്ഞ് ബംഗളൂരുവിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി, തുടർന്ന് തൃശൂർ ജില്ലയിലെ കയ്പമംഗലത്ത് നടന്ന ഒരു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഗുരുവായൂരിലെത്തിയത്.

പതിവ് ക്ഷേത്രാചാരങ്ങൾ പാലിച്ച് ശ്രീ ഗുരുവായൂരപ്പനെ തൊഴുത മുഖ്യമന്ത്രി പിന്നീട് കാര്യാലയ ഗണപതിയെയും ദർശിച്ചു. ക്ഷേത്രത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെ കാണാൻ നിരവധി ഭക്തർ എത്തിയിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനെത്തിയവരുമായി മുഖ്യമന്ത്രി ഹസ്തദാനം നടത്തുകയും ചിലർക്കൊപ്പം സെൽഫിക്ക് സമയം അനുവദിക്കുകയും ചെയ്തു.

ദർശനശേഷം ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സന്ദർശിച്ചു. ടി. കെ. ഗോപാലകൃഷ്ണൻ, ഗോപ പ്രതാപൻ, ഒ കെ ആർ മണികണ്ഠൻ, അരവിന്ദൻ പല്ലത്ത്, ആർ. രവികുമാർ, സി. എസ്. സൂരജ്, ഷാജി കോടങ്കണ്ടത്ത്, കെ. പി. എ. റഷീദ്, കെ പി ഉദയൻ, കെ എ്ച്ച് താഹിർ, സ്റ്റീഫൻ ജോസ്, പ്രതീഷ് ഓടാട്ട് എന്നിവരും നഗരസഭാ കൗൺസിലർമാരായ ബിന്ദു നാരായണൻ, സുഷ ബാബു, വി. എസ്. നവനീത്, ചന്ദ്ര രാമകൃഷ്ണൻ, പ്രിയ രാജേന്ദ്രൻ എന്നിവരും അദ്ദേഹത്തെ സന്ദർശിച്ചു. സ്വകാര്യ സന്ദർശനമായതിനാൽ ഫോട്ടോയും വീഡിയോ ചിത്രീകരണവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു. സന്ദർശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.