തന്റെ പരാതിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് നടി അൻസിബ ഹസ്സൻ. തന്റെ പരാതിയിൽ എഫ്ഐആർ പോലും ഇട്ടില്ലെന്നും തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിഡിയോ തടയാൻ പൊലീസിന് കഴിഞ്ഞില്ലെന്നും അൻസിബ ഫേസ്ബുക്കിൽ ചൂണ്ടിക്കാട്ടി.

അൻസിബ രമേശ് ചെന്നിത്തലയെ വിളിച്ചതിന് പിന്നാലെ അദ്ദേഹം പൊലീസിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നുവെന്നും എഫ്ഐആർ പോലും ഇട്ടിട്ടില്ലെന്ന സത്യം താൻ പിന്നീടാണ് മനസിലാക്കിയതെന്നും അൻസിബ പറഞ്ഞു.


അൻസിബയുടെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
ഞാൻ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണിൽ വിളിച്ചത് എന്റെ പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല. മറിച്ച്, ഇൻസ്റ്റാഗ്രാമിൽ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തടയാൻ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കാനാണ്. ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് അപേക്ഷിക്കാനാണ് ഞാൻ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാൻ അദ്ദേഹത്തെ അറിയിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചത്. എന്നാൽ, കേസിൽ എഫ്.ഐ.ആർ. ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികൾ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാൻ തുടങ്ങിയത്.
അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്.
പരാതിയിൽ FIR രജിസ്റ്റർ ചെയ്യാതെ പ്രതികൾ പരാമർശിച്ച, ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ കേന്ദ്രീകരിച്ച് പാലാരിവട്ടം പോലീസ് അന്വേഷണം നടത്തിയത് പ്രതികളെ സഹായിക്കാനുള്ള തെളിവുകൾക്ക് വേണ്ടിയായിരുന്നു. അവിടെനിന്ന് അനുകൂലമായി ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ്, ഇത് വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർത്ത് പരാതി എഴുതിത്തള്ളാൻ പോലീസ് ഇപ്പോൾ ശ്രമിക്കുന്നത്.
ഇതേ പ്രതി നല്കിയ ഒരു വ്യാജ പരാതിയുടെ പുറത്താണ് തൃപ്പൂണിത്തുറ വനിതാ സെല്ലില്‍ വെച്ച് എന്നെക്കൊണ്ട് നിര്‍ബന്ധിതമായി മാപ്പെഴുതി വാങ്ങിച്ചതെന്ന കാര്യം ആരും മറന്നുപോകരുത്.
കാക്കിക്കുള്ളില്‍ നിങ്ങള്‍ ആരായാലും, നിയമപരമായ നിങ്ങളുടെ സഹായവും സംരക്ഷണവും എനിക്കും കൂടി അവകാശപ്പെട്ടതാണെന്ന പൂര്‍ണ്ണ ബോധ്യത്തിലാണ് ഞാന്‍ വീണ്ടും വീണ്ടും നിങ്ങളുടെ വാതിലില്‍ മുട്ടുന്നത്. നീതി ലഭിക്കുന്നതുവരെ ആ വാതിലില്‍ ഞാന്‍ മുട്ടിക്കൊണ്ടേയിരിക്കും.























