കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടത്തിൽ ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് മുഹമ്മദ് ഇഖ്ബാലിനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ആശുപത്രിയുടെ എംഡി എസ് കെ അബ്ദുല്ലയെ കഴിഞ്ഞദിവസം ഇ ഡി ചോദ്യം ചെയ്തിരുന്നു.

അവയവക്കച്ചവട റാക്കറ്റിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കഴിഞ്ഞമാസം ലേക്‌ഷോർ ആശുപത്രിയിലടക്കം വലിയരീതിയിലുള്ള റെയ്ഡുകൾ ഇ ഡി നടത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് ഇ ഡി തുടർനടപടികളുമായി മുന്നോട്ടു പോകുന്നത്. ആശുപത്രികളിൽ നടക്കുന്നത് ഒരു സംഘടിത കുറ്റകൃത്യം എന്ന നിലയിലാണ് ഇ ഡി കണക്കാക്കുന്നത്. നിയമവിരുദ്ധമായ ശസ്ത്രക്രിയ ആശുപത്രിയിൽ നടത്തിയതിന് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നതാണ് ഇ ഡി പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് പരിശോധന നടക്കുന്നുണ്ട്. ഡോ മുഹമ്മദ് ഇഖ്ബാലിനോട് കഴിഞ്ഞ അഞ്ചുവർഷത്തെ സ്വത്തുവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇ ഡി ആവശ്യപ്പെട്ടിരുന്നു. ഇവ പരിശോധിച്ച് വരികയാണ്. ഇഖ്ബാലിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്.

























