കോഴിക്കോട്: സുന്നത്ത് കർമ്മത്തിനിടെ രണ്ടുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസര്‍, ജില്ലാ മെഡിക്കൽ ഓഫിസര്‍, എസ് എച്ച് ഒ എന്നിവർ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകണമെന്ന് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.

സുന്നത്ത് കർമ്മത്തിനായി കാക്കൂരിലെ സ്വകാര്യ ക്ലിനിക്കൽ പ്രവേശിപ്പിച്ച കുഞ്ഞ് മരിച്ചത്. ചേളന്നൂർ സ്വദേശികളായ ഷാദിയ ഷെറിൻ, ഇംതിയാസ് ദമ്പതികളുടെ രണ്ടുമാസം പ്രായമായ മകൻ എമിൻ ആദം ആണ് മരിച്ചത്. കുഞ്ഞിന്റെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തിയായി. ക്ലിനിക്കിൽ നിന്നുള്ള ഡോക്ടറുടെ ചികിത്സാക്കുറിപ്പ് പൊലീസ് വാങ്ങിയിട്ടുണ്ട്. പരാതിയിൽ അസ്വാഭാവിക മരണത്തിന് കാക്കൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഡോക്ടറെ പ്രതി ചേർക്കുന്ന കാര്യവും പൊലീസ് പരിഗണനയിലാണ്. ശസ്ത്രക്രിയയ്ക്ക് മുമ്പായി പ്രാഥമിക ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിക്കാൻ ക്ലിനിക്കിലെ ഡോക്ടർ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

























