ചികിത്സാപ്പിഴവ്, ഒൻപതുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്നത് ചികിത്സാപ്പിഴവ് മൂലമാണെന്ന കുടുംബത്തിൻറെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസറാണ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിനായി രണ്ട് ഡോക്ടർമാരെ നിയോഗിച്ചെന്ന് ഡിഎംഒ അറിയിച്ചു. ഡോ. പത്മനാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല. റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെടുക്കുമെന്ന് ഡിഎംഒ അറിയിച്ചു.

ഡോക്ടർമാരുടെ ചികിത്സാ പിഴവിൽ കൈ നഷ്ടപ്പെട്ട 9 വയസുകാരി കൈ കാണാനില്ലെന്ന് പറഞ്ഞ് കരയുമ്പോൾ അവളുടെ വേദനയ്ക്കും ആകുലതകൾക്കും ഉത്തരം നൽകാൻ കഴിയാതെ വിഷമിച്ചു നിൽക്കുകയാണ് അമ്മ പ്രസീത. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിയെന്ന 9 വയസുകാരിയുടെ ചോദ്യത്തിന് ഇനി ആരാണ് ഉത്തരം നൽകുക? നിർമാണത്തൊഴിലാളിയും പല്ലശ്ശന ഒഴിവുപാറ സ്വദേശിയുമായ ആർ വിനോദിന്റെയും പ്രസീതയുടെയും മകളാണ് വിനോദിനി. ഒഴിവുപാറ എഎൽപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ വിനോദിനി ഇന്നലെയാണു തന്റെ വലതു കൈ നഷ്ടപ്പെട്ട വിവരം തിരിച്ചറിയുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അമ്മയോട് കയ്യിലൂടെ രക്തം വരുന്നുണ്ടെന്നും കൈ മുറിച്ചു മാറ്റിയല്ലേയെന്നും കണ്ണീരോടെ ചോദിക്കുന്നത്.

സെപ്റ്റംബർ 24നു വൈകിട്ടാണു സഹോദരൻ അനുവിന്ദിനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് അപകടം സംഭവിക്കുന്നത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെ പരിശോധിച്ച ഡോക്ടർമാർ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നിന്ന് കയ്യിൽ പ്ലാസ്റ്റർ ഇട്ട ശേഷം അന്നു രാത്രി തന്നെ ഡിസ്ചാർജ് നൽകുകയും ചെയ്തു. പിന്നീടാണ് സ്ഥിതി മാറിയത്. വേദന സഹിക്കാൻ കഴിയാതെ കുട്ടി കരഞ്ഞപ്പോൾ എല്ല് പൊട്ടിയതാണല്ലോ വേദനയുണ്ടാകുമെന്നായിരുന്നു മറുപടി. എന്നാൽ വേദന കൂടി വരുകയും കുട്ടി അവശ നിലയിലാവുകയും ചെയ്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അപ്പോഴേയ്ക്കും കൈയിലെ രക്തയോട്ടം കുറഞ്ഞിരുന്നു. ദുർഗന്ധമുള്ള പഴുപ്പ് വരാൻ തുടങ്ങി. ഇതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് അയച്ചത്. പഴുപ്പ് വ്യാപിച്ചതിനാൽ കൈ മുറിച്ച് മാറ്റേണ്ടി വന്നെന്നാണ് കുട്ടിയുട ബന്ധുക്കൾ പറയുന്നത്. ജില്ലാ ആശുപത്രിയിൽ വിനോദിനിയെ പരിശോധിച്ച ഡോക്ടർമാരുടെ പിഴവിനെത്തുടർന്നാണ് കുട്ടിയുടെ കൈ നഷ്ടപ്പെട്ടതെന്നും കുടുംബം ആരോപിക്കുന്നു.