ആലപ്പുഴ: പിഎം ശ്രീ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചാൽ ചർച്ച ചെയ്യുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ചർച്ചയുടെ വാതിൽ എൽഡിഎഫിൽ എപ്പോഴും ഉണ്ടാകുമെന്നും അത് തുറന്നുകിടക്കുമെന്നും എൽഡിഎഫ് എൽഡിഎഫ് ആണെന്നും ബിനോയ് പറഞ്ഞു. എൽഡിഎഫിന് രാഷ്ട്രീയ അടിത്തറയുണ്ട്. ആശയ അടിത്തറയുണ്ട്. അതുകൊണ്ട് പരസ്പരബന്ധങ്ങളുണ്ട്. ചർച്ചകളുണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

പിഎം ശ്രീവിഷയത്തിൽ സിപിഐയുടെ കമ്മിറ്റി കൂടാൻ പോകുകയാണെന്നും ആ കമ്മിറ്റി ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ശരിയായ തീരുമാനം കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴയിൽ സിപിഐ എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.


അതേസമയം, പിഎം ശ്രീ വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത സിപിഎം സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയും യോഗത്തിൽ പങ്കെടുക്കുന്നു. മുന്നണിയെ ഇരുട്ടിൽ നിർത്തി ഒപ്പിട്ടതിന് മറുപടിയായി സിപിഐയുടെ മന്ത്രിമാർ കഴിഞ്ഞ ദിവസത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ രാജിസന്നദ്ധത അറിയിച്ചിരുന്നു. മന്ത്രിസഭായോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നതും പരിഗണനയിലുണ്ട്. കാബിനറ്റിൽ പോലും ചർച്ച ചെയ്യാതെ എംഒയു ഒപ്പിട്ടതിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.























