തൃശൂർ: പുലിപ്പല്ല് കേസിൽ റാപ്പർ വേടനുമായി തൃശൂരിൽ വനംവകുപ്പിന്റെ തെളിവെടുപ്പ്. പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ് നൽകിയ വിയ്യൂരിലെ ജ്വല്ലറിയിൽ എത്തിച്ചു. യഥാർത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞില്ലെന്ന് ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടന്റെ വീട്ടിലെത്തിച്ചും പരിശോധന. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിയൂരിലെ സരസ ജ്വല്ലറിയിലാണ് വേടനെ എത്തിച്ചത്. പുലിപ്പല്ല് ഇവിടെ എത്തിച്ചാണ് ലോക്കറ്റാക്കി മാറ്റിയതെന്നാണ് വേടൻ വനം വകുപ്പിന് നൽകിയ മൊഴി. ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് വേടനെ വിയൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കുന്നത്.

ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇവിടെയെത്തി ലോക്കറ്റ് തയാറാക്കിയതെന്ന് ഇന്നലെ കടയുടമ പ്രതികരിച്ചിരുന്നു. ഇത് യഥാർത്ഥ പുലിപ്പല്ലാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും കടയുടമ വിശദീകരിച്ചു. മറ്റൊരാൾ മുഖേനയാണ് പുലിപ്പല്ലെത്തിച്ചതെന്നും വ്യക്തമാക്കിയിരുന്നു. ജ്വല്ലറി ഉടമയോടും പൊലീസ് വിവരങ്ങൾ തേടി. ലോക്കറ്റ് ഇവിടെയാണോ ചെയ്തതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചുവെന്നും അതേയെന്ന് ഉത്തരം നൽകിയെന്നും ജ്വല്ലറി ഉടമ സന്തോഷ് പറഞ്ഞു. വേടനെ അറിയാമോ എന്നും വനംവകുപ്പ് ചോദിച്ചു. യഥാർത്ഥ പുലിപ്പല്ല് ആണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയതെന്നും പറഞ്ഞിട്ടുണ്ടെന്ന് ഇയാൾ വ്യക്തമാക്കി. നിലവിൽ തെളിവെടുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.

























