തിരുവനന്തപുരം: നാലു വയസ്സുകാരിയെ സ്വകാര്യഭാഗത്ത് അധ്യാപിക മുറിവേൽപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കല്ലാട്ടുമുക്ക് ഓക്‌സ്ഫഡ് സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു. ഉച്ചയ്ക്കു ശുചിമുറിയിൽ പോയതിന് വഴക്ക് പറഞ്ഞ ശേഷം കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് അധ്യാപിക ഉപദ്രവിച്ചതെന്നാണ് എൽകെജിയിൽ പഠിക്കുന്ന കുഞ്ഞ് പറഞ്ഞത്. പിതാവ് കുഞ്ഞിനെ സ്‌കൂളിൽനിന്നു വിളിച്ചു വീട്ടിലെത്തിച്ചതിനു ശേഷം മുത്തശ്ശി കുളിക്കാൻ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുഞ്ഞ് കുളിക്കാൻ വിസമ്മതിച്ചു കരഞ്ഞു. തുടർന്ന് മുത്തശ്ശി ചോദിച്ചപ്പോഴാണ് അടിവയറ്റിൽ വേദനിക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞത്.


മുത്തശ്ശി ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട് കാണുകയായിരുന്നു. തുടർന്ന് ജോലിക്കു പോയിരുന്ന അമ്മയെ വിളിച്ച് രാവിലെ കുളിപ്പിച്ചപ്പോൾ എന്തെങ്കിലും മുറിവ് ശ്രദ്ധിച്ചിരുന്നോ എന്നു മുത്തശ്ശി തിരക്കി. അങ്ങനെയൊന്നും കണ്ടില്ലെന്ന് അമ്മ പറഞ്ഞതോടെ മുത്തശ്ശി കുട്ടിയുമായി സ്‌കൂളിലെത്തി വിവരം തിരക്കുകയായിരുന്നു.
സിസിടിവി പരിശോധനയിൽ അധ്യാപിക കുഞ്ഞിനെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന് വീട്ടുകാർ പറയുന്നു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. ഇന്നു രാവിലെയാണ് പൊലീസിൽ പരാതി നൽകിയത്. ഫോർട്ട് പൊലീസ് അധ്യാപികയ്ക്ക് എതിരെ കേസെടുത്തു. മറ്റു തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് പറയുന്നു. ശിശുക്ഷേമ സമിതിയിൽ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച ആയമാർ അറസ്റ്റിലായി ദിവസങ്ങൾക്കുള്ളിലാണ് നാലു വയസ്സുകാരിക്കു ദുരനുഭവം ഉണ്ടായിരിക്കുന്നത്.























