തിരുവനന്തപുരം: ചെങ്കൽ വ്‌ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിനു പിന്നിൽ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനുശേഷം അൽമ സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.

അൽമ എപ്പോഴും ഫോണിൽ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഇതിന്റെ പേരിൽ വിഷ്ണുവിന് ഭാര്യയെ സംശയമുണ്ടായിരുന്നു. ഫോൺ സൈബർ പരിശോധനയ്ക്കായി അയച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഫോൺ ഉപയോഗത്തെ ചൊല്ലി ഇരുവരും തർക്കമുണ്ടായി. അതിനിടെ രാവിലെ ഒൻപതരോടെ ബെഡ് റൂമിൽ വച്ച് വിഷ്ണു അൽമയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


പിഎസ്സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലിഷ് അധ്യാപകനായിരുന്നു വിഷ്ണുനാഥ്. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അൽമ. ഒൻപത് വർഷം മുൻപ് പ്രണയവിവാഹിതരായ ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു. ഭാര്യയെ കുത്തിയശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. പാറശാല പൊലീസ് അറസ്റ്റ് ചെയ്ത് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ വിഷ്ണുനാഥിനെ റിമാൻഡ് ചെയ്തു.























