പാസ്‌പോർട്ട് തിരികെ വേണം; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ വിധേയമായി കോടതിയിൽ സമർപ്പിച്ച പാസ്‌പോർട്ട് തിരികെ വേണമെന്ന് ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നീക്കം.

ശിക്ഷാവിധി വന്ന ദിവസം ഈ ഹർജി കോടതിയ്ക്ക് മുന്നിലെത്തിയിരുന്നുവെങ്കിലും ഡിസംബർ 18ന് പരിഗണിക്കാമെന്ന് കോടതി പറയുകയായിരുന്നു. ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ അപ്പീൽ നൽകാനിരിക്കുന്ന സാഹചര്യത്തിൽ പ്രോസിക്യൂഷൻ ഈ ഹർജിയെ എതിർത്തേക്കും. തൊഴിലിന്റെ ഭാഗമായി വിദേശത്ത് പോകേണ്ടതുണ്ട് എന്നുൾപ്പെടെയുള്ള വാദങ്ങളാകും ദിലീപ് മുന്നോട്ടുവയ്ക്കുക. മുൻപ് ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് പോയിരുന്നത്.