കോട്ടയം: പിണറായി വിജയനെ എംഎൽഎസ്ഥാനം രാജിവയ്പിച്ച് കെ.കെ.ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ചു പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയിൽ ആവശ്യം. പി.ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോൾ എതിർത്ത നേതൃത്വം പിണറായി വിജയനു വേണ്ടി പാട്ട് ഉണ്ടാക്കിയപ്പോൾ മൗനം പാലിച്ചു. പി.ജയരാജനെ നേതൃനിരയിലേക്ക് ഉയർത്തിക്കൊണ്ടുവരണമെന്നും ആവശ്യം ഉയർന്നു.

മന്ത്രിയായിരുന്ന വി.എൻ.വാസവൻ സാധാരണക്കാരിൽനിന്ന് അകന്നെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. മുതലാളിമാർ, സമുദായ നേതാക്കൾ തുടങ്ങിയവരുമായി മാത്രമാണ് ബന്ധം പുലർത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പിബി അംഗം എ.വിജയരാഘവൻ തുടങ്ങിയവർക്ക് എതിരെയും വിമർശനമുണ്ടായി. യുവജനങ്ങൾക്കായി പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും പാർട്ടി ഈ നിലയിൽ മുന്നോട്ടുപോയാൽ സമരം ചെയ്യാനും പൊലീസിന്റെ അടികൊള്ളാനും യുവജനങ്ങളെ കിട്ടില്ലെന്നും പങ്കെടുത്ത യുവജന നേതാക്കൾ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

























