നടി അൻസിബ ഹസ്സനെതിരെ പൊലീസിൽ പരാതി നൽകിയ വനിത എക്സിക്യൂട്ടീവ് അംഗം താനാണെന്ന് തുറന്നുപറഞ്ഞ് നടി ലക്ഷ്മിപ്രിയ. അൻസിബ തന്റെ ഫോണിലേക്ക് അയച്ച മെസജിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്ന് ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കുടുംബം മോശമാകുമെന്ന ഘട്ടത്തിലാണ് അൻസിബയ്ക്കെതിരെ പരാതി നൽകിയത് എന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ:


‘അൻസിബ ഹസ്സനെതിരെ വ്യാജ കേസ് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ കൊടുത്തു എന്ന് പറയപ്പെടുന്ന ആ വനിത എക്സിക്യൂട്ടീവ് അംഗം മറ്റാരുമല്ല, ‘അമ്മ’യുടെ വൈസ് പ്രസിഡന്റ് കൂടിയായ ലക്ഷ്മിപ്രിയ എന്ന ഞാൻ ആണ്. ഡിസംബർ 10ന് രാത്രി അൻസിബ ഹസ്സൻ എന്റെ ഫോണിലേക്ക് ഒരു മെസജ് അയച്ചു. ആ മെസജിന്റെ വിശദീകരണം ചോദിച്ച് ഞാൻ വിളിച്ചപ്പോൾ ജോലിത്തിരക്കിലാണ്, പിന്നെ വിളിക്കാം എന്ന് അൻസിബ പറഞ്ഞു.
ഈ മെസജ് അയക്കാനുള്ള കാരണം എന്താണെന്ന് എന്നോട് പറയണമെന്ന് അൻസിബയോട് പലയാവർത്തി ഞാൻ ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് എന്റെ ഭർത്താവ് ഈ മെസജ് വായിക്കുകയും വളരെയധികം പേടിക്കുകയും ചെയ്തു. പിന്നീട് ആ കുട്ടി എന്റെ മെസജുകൾ വായിക്കുകയോ കോളുകൾ എടുക്കുകയോ ചെയ്തില്ല. എന്റെ കുടുംബജീവിതം മോശമാകുന്ന ഘട്ടത്തിൽ, യാതൊരു നിവർത്തിയുമില്ലാതെ വന്നതോടെയാണ് ഞാൻ ഹിൽപാലസ് വനിതാ സെല്ലിൽ പരാതി നൽകിയത്. അൻസിബയാണ് ഇതിന് മത തീവ്രവാദം ആരോപിച്ചുകൊണ്ടും അൻസിബയെ ജിഹാദി എന്ന് ആരോ പരാമർശിച്ചു, അതിനൊക്കെ വേണ്ടിയിട്ടാണ് ഈ കേസ് ഞാൻ കൊടുത്തിരിക്കുന്നത് എന്നുംപറഞ്ഞുകൊണ്ട് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിലേക്ക് വലിയൊരു മെസജ് ഇടുന്നത്. ജനുവരി 24ന് ആണിത്.
മത തീവ്രവാദം എന്ന പരാമർശമോ ജിഹാദ് എന്നോ ക്ഷേത്രത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സംബന്ധിച്ച് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല.’























