‘നിങ്ങൾ ഹാളിലൊക്കെ വിവാഹം നടത്തുമോ’; ദളിത് കുടുംബത്തെ മർദിച്ചതായി പരാതി

ബല്ലിയ: ഉത്തർപ്രദേശിലെ റാസ്രയിലെ ഒരു ഹാളിൽ വിവാഹ ചടങ്ങ് നടത്തിയതിന് ഒരു കൂട്ടം ആളുകൾ ദളിത് കുടുംബത്തെ മർദിച്ചതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. വടികളുമായെത്തിയ സംഘം ഹാളിലേക്ക് ഇരച്ചുകയറുകയായിരുന്നു. വിവാഹം നടത്തുന്നത് ദളിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ദളിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോ എന്ന് ചോദിച്ച് ആക്രോശിച്ച് ഇവരെ മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവരിൽ ഒരാളുടെ സഹോദരൻ രാഘവേന്ദ്ര ഗൗതമാണ് പരാതിക്കാരൻ.

അമൻ സാഹ്നി, ദീപക് സാഹ്നി, രാഹുൽ, അഖിലേഷ് എന്നിവരാണ് സംഭവത്തിലെ പ്രധാന പ്രതികൾ. ഇവരെ കൂടാതെ 20 ഓളം തിരിച്ചറിയാത്ത വ്യക്തികളും സംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രതികൾ ജാതി അധിക്ഷേപം നടത്തിയതായും ദളിത് സമുദായത്തിലെ അംഗങ്ങൾ ചടങ്ങിനായി വിവാഹ ഹാൾ ഉപയോഗിക്കുന്നതിനെ എതിർത്തതായും ആരോപിക്കപ്പെടുന്നു.

ഭാരതീയ ന്യായ സംഹിതയിലെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.