സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളഞ്ഞു; യുവതിയും ആൺസുഹൃത്തും പിടിയിൽ

ഒറ്റപ്പാലം: സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ ഇരുപത്തിയാറുകാരിയും ആൺ സുഹൃത്തും പിടിയിൽ. മണപ്പാടം സ്വദേശി ശ്രുതി (26), ഇവരുടെ ആൺ സുഹൃത്ത് കിഴക്കഞ്ചേരി ലിന്റോ കുര്യാക്കോസ് (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. വിവാഹിതയായി രണ്ട് മക്കളുള്ള ശ്രുതി ആഭരണങ്ങളുമായി ആൺസുഹൃത്തിനൊപ്പം പോകുകയായിരുന്നു. ഇരുവരെയും കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്. യുവതിക്കൊപ്പം പിടിയിലായ ലിന്റോയ്ക്കെതിരെ ഇതിന് മുമ്പും കേസുകളുണ്ട്. വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ് ലിന്റോ.