‘വിജയ്​യെ അപമാനിച്ച ധ്യാൻ മാപ്പ് പറയുക’; തമിഴ്നാട്ടില്‍ വൻ പ്രതിഷേധം

പുതിയ സിനിമയുടെ പ്രമോഷൻ ചടങ്ങില്‍ നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്​യെ കുറിച്ച് പരാമർശം നടത്തിയ ധ്യാൻ ശ്രീനിവാസനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. തമിഴ് ആരാധകരാണ് ധ്യാനിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തമിഴ്നാടിന്റെ എല്ലാമെല്ലാമായ വിജയ്​യെ അപമാനിച്ച ധ്യാന്‍ മാപ്പ് പറയണമെന്നും പരാമര്‍ശം പിൻവലിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.

തന്റെ പുതിയ ചിത്രമായ ‘വിസിറ്ററി’ന്റെ പ്രമോഷൻ ചടങ്ങിനിടെ നടത്തിയ പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. വിജയ്​യും തൃഷയും തമ്മിലുള്ള സൗഹൃദത്തെ താനും നവ്യ നായരുമായി ഉപമിച്ചായിരുന്നു ധ്യാനിന്റെ പ്രസംഗം. ‘ഞാൻ വിജയ്​യെ പോലെ മുഖ്യമന്ത്രിയാകുമ്പോള്‍ നവ്യ പട്ടുസാരിയുടുത്ത് നിറകണ്ണുകളുമായി മുൻനിരയിൽ ഉണ്ടാകണമെന്നാണ്’ ധ്യാൻ പറഞ്ഞത്. ഇത് കേട്ടുകൊണ്ടിരുന്ന നടി നവ്യ നായർ പൊട്ടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. നവ്യ നായർ പ്രസംഗിക്കാന്‍ എത്തിയപ്പോൾ ധ്യാനിന്റെ പരാമർശത്തിന് മറുപടിയും നൽകി. ‘ധ്യാൻ മുഖ്യമന്ത്രിയാകുന്ന ദിവസം വെള്ള സാരിയുടുത്ത് ഒന്നാം നിരയിൽ ​​ഞാനുണ്ടാകും’ എന്നാണ് താരം പറഞ്ഞത്.

തന്റെ മുഖ്യമന്ത്രി മോഹങ്ങൾക്ക് പിന്നിലെ കഥയെക്കുറിച്ച് പറയുന്നതിനിടെയായിരുന്നു ഇപ്പോൾ വിവാദമായിരിക്കുന്ന പരാമ‍‍ർശം ഉണ്ടായത്. വിജയ് തമിഴ്‌നാട്ടിൽ പാർട്ടി തുടങ്ങിയപ്പോൾ തനിക്കും അടുത്ത 15 വർഷത്തിനുള്ളിൽ സി.എം ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇതറിഞ്ഞ തന്റെ മെന്ററും സുഹൃത്തുമായ അജു വർഗ്ഗീസാണ് ‘ബേബി സ്റ്റെപ്പ്’ എന്ന രീതിയിൽ അമ്മയുടെ പ്രസിഡന്റ് ആകാൻ ഉപദേശിച്ചത്. താൻ ഓസ്‌ട്രേലിയയിലും അയർലൻഡിലും ഷോകളുമായി നടക്കുന്നതിനിടയിൽ, നാട്ടിൽ താൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്ന വാർത്ത പരന്നതിന് പിന്നിൽ അജു വർഗ്ഗീസിന്റെ പവർ ഗ്രൂപ്പ് ആണെന്ന് ധ്യാൻ വെളിപ്പെടുത്തി.

അതേസമയം ധ്യാനിന്റെ പ്രസ്താവന വിവാദമാകുമെന്ന് അന്നേ മനസ്സിലാക്കിയ തരത്തിലായിരുന്നു നടൻ അജു വർഗീസിന്റെ പ്രതികരണം. ‘ഒരു കാര്യം മനസിലായി, ഇനി ധ്യാനിന് തമിഴ്നാട്ടിലേക്ക് കേറാൻ പറ്റില്ല. അതിനാൽ വിജയ് സാർ എന്റെ കൂട്ടുകാരനോട് ക്ഷമിക്കണം’ എന്നും അജു അതേ വേദിയിൽ പറഞ്ഞിരുന്നു. പ്രസംഗത്തിൽ എങ്ങും തൃഷയുടെ പേര് പറയുന്നില്ലെങ്കിലും വിജയ് ആരാധകരും ടിവികെ അനുയായികളും വിജയ്​യെ മനപ്പൂർവ്വം അപമാനിച്ചെന്നും വിജയ്​യുടെ സത്യപ്രതിജ്ഞയെ മോശമായി ചിത്രീകരിച്ചാണ് ധ്യാന്‍ സംസാരിച്ചെന്നുമാണ് ആരോപിക്കുന്നത്.

എന്നാൽ തമിഴ്നാട്ടില്‍ നിന്നും പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളുടെ കമന്റിൽ ധ്യാനിനെ പിന്തുണച്ച് മലയാളികളും രംഗത്ത് വന്നിട്ടുണ്ട്.